പ്രകാരം എന്ന വാക്കിന് രീതി, മട്ട് എന്നൊക്കെ അർത്ഥമുണ്ട്. ഒരു വാക്യത്തിലെ ക്രിയാപദം ഏതു രീതിയിലുള്ള അർത്ഥം കുറിക്കുന്നുവോ ആ രീതി തന്നെയാണ് പ്രകാരം.
പ്രകാരത്തെ ആറ് രീതിയിൽ വിഭജിക്കാം. നിർദേശകം, നിയോജകം, വിധായകം, അനുജ്ഞായകം, ആശംസ, പ്രാർത്ഥകം എന്നിങ്ങനെ.
1. നിർദേശകപ്രകാരം
ഒരു ക്രിയ നടന്നുവെന്നോ നടക്കുന്നുവെന്നോ നടക്കുമെന്നോ നിർദേശിക്കുന്ന പ്രത്യയം. ഭൂതം, ഭാവി, വർത്തമാനം എന്നീ കാലങ്ങൾ പറഞ്ഞിട്ടുള്ള പ്രത്യയം
ഉദാ: ദില്ലിക്കുപോയി (ഭൂതകാലം)
ഇവിടെ താമസിക്കുന്നു (വർത്തമാനകാലം)
നാളെ രാവിലെ വരും (ഭാവികാലം)
2. നിയോജക പ്രകാരം
ആജ്ഞ, അപേക്ഷ എന്നിങ്ങനെയുള്ള അർത്ഥം ദ്യോതിപ്പിക്കുന്നതാണ് നിയോജകം. 'അട്ടെ' എന്നതാണ് ഇതിലെ പ്രത്യയം.
ഉദാ: ഞാനൊരു കാര്യം പറയട്ടെ.
പോയി വരട്ടെ
3. വിധായക പ്രകാരം
'അണം' എന്നതാണ് വിധായകപ്രകാരത്തിന്റെ പ്രത്യയം, ക്രിയ ചെയ്തേ പറ്റൂ എന്ന അർത്ഥം ദ്യോതിപ്പിക്കുന്നതും വിധായകം.
ഉദാ: വരണം, ഇരിക്കണം, പോകണം.
4. അനുജ്ഞായക പ്രകാരം
ക്രിയയുടെ അർത്ഥത്തിൽ സമ്മതത്തെ കൊടുക്കുന്ന രീതിയിൽ ഉള്ള രൂപമാണ് അനുജ്ഞായകം, 'ആം' എന്നതാണ് ഇതിന്റെ പ്രത്യയം.
ഉദാ: പോകാം, വരാം, കാണാം.
5. ആശംസക പ്രകാരം
ആശിസ്, അനുഗ്രഹം എന്നീ അർത്ഥവിശേഷങ്ങൾ ഉണ്ടാക്കുന്ന ക്രിയാരൂപം.
ഉദാ: ഭവിച്ചാലും, ജയിക്കുക, ദീർഘായുഷ്മാനാകുക.
6. പ്രാർത്ഥക പ്രകാരം
പ്രാർത്ഥനയോടുള്ള ക്രിയാരൂപങ്ങൾ.
ഉദാ: എന്നെ രക്ഷിക്കേണമേ
എന്നിൽ കനിയണമേ
എന്നെ സഹായിക്കണമേ