പ്രധാന ക്രിയയുടെ അർത്ഥം പരിഷ്ക്കരിക്കുന്നതിനു വേണ്ടി അതിന്റെ പിന്നാലെ ചേർക്കുന്ന ക്രിയയ്ക്ക് അനുപ്രയോഗം എന്നു പറയുന്നു.
അനുപ്രയോഗം ഏതിനോടു ചേർന്നു നിൽക്കുന്നുവോ അതിന് പ്രാക് പ്രയോഗം എന്നു പറയുന്നു. പ്രാക് പ്രയോഗം ഭൂതകാലരൂപത്തിലായിരിക്കും. പ്രാക് പ്രയോഗവും അനുപ്രയോഗവും തമ്മിൽ കൂടിച്ചേരുന്നതിനെ സംയുക്ത ക്രിയ (കൂട്ടുക്രിയ) എന്നും പറയുന്നു.
പ്രാക് പ്രയോഗം | അനു പ്രയോഗം | സംയുക്ത ക്രിയ |
---|---|---|
അറിയിച്ചു | കൊള്ളുന്നു | അറിയിച്ചൂകൊള്ളുന്നു |
തിന്നു | പോയി | തിന്നുപോയി |
കണ്ടു | കൊള്ളാം | കണ്ടുകൊള്ളാം |
അനുപ്രയോഗം 4 വിധമാണ്.
- ഭേദകാനുപ്രയോഗം
- കാലാനുപ്രയോഗം
- പുരണാനു പ്രയോഗം,
- നിഷേധാനു പ്രയോഗം
1. ഭേദകാനുപ്രയോഗം
ക്രിയയ്ക്കു വിശേഷാർത്ഥം നല്കുന്ന അനുപ്രയോഗമാണിത്. ഭക്തി, ബഹുമാനം, വിനയം, ലാഘവം, പതിവ് ഇവ പ്രകടമാക്കാൻ ഉപയോഗിക്കുന്നു.
ഉദാ: അരുൾ എന്ന ധാതു, വരം തന്ന് അരുളിയാലും
വര് - പഠിച്ചു വരുന്നു (പതിവ്)
കൊള്ള് - പറഞ്ഞു കൊള്ളുന്നു (വിനയം)
കള - തോല്പിച്ചു കളഞ്ഞു (ലാഘവം)
2. കാലാനുപ്രയോഗം
ക്രിയ നടക്കുന്ന കാലത്തെ സൂക്ഷ്മതയോടെ കുറിക്കാൻ പ്രയോഗിക്കുന്ന സഹായക്രിയകളാണ് കാലാനുപ്രയോഗം.
ഉദാ: വന്ന് + ഇട്ട് + ഉണ്ട് + ആയി + ഇരിക്ക + ആം.
വന്നിട്ടുണ്ടായിരിക്കാം, വന്നിരിക്കുന്നു, വന്നിട്ടുണ്ടായിരുന്നു, വന്നുകൊണ്ടിരിക്കുന്നു, വരുമായിരുന്നു.
3. പുരണാനുപ്രയോഗം
ഖില ധാതുക്കളോട് ചേർന്നു നിന്നു അവയുടെ അർത്ഥം പൂർത്തീകരിക്കുന്ന പ്രയോഗം.
ഉദാ: ഉൾ എന്ന ധാതു, ഉണ്ട്, ഉള്ള, ഉള്ളൂ എന്നീ രൂപങ്ങൾ, 'ആവുക' എന്ന അനുപ്രയോഗം കൊണ്ടുള്ള മറ്റു രൂപങ്ങൾ.
ഉദാ: ഉണ്ടായി, ഉണ്ടാകുന്നു, ഉണ്ടാകും ഉണ്ടാകുവാൻ, ഉണ്ടാകട്ടെ
'വേൺ' എന്ന ധാതുവിനോട് 'വര്' എന്ന അനുപ്രയോഗം ചേർക്കുമ്പോൾ വേണ്ടി വന്നു, വേണ്ടി വരുന്നു, വരും, വന്നാൽ എന്നിങ്ങനെയുള്ള രൂപങ്ങൾ കിട്ടുന്നു.
4. നിഷേധാനുപ്രയോഗം
ധാതുവിന്റെ അർത്ഥം നിഷേധിക്കുന്നത് നിഷേധാനുപ്രയോഗം, അല്ലെങ്കിൽ നിഷേധമായ അർത്ഥത്തെ കുറിക്കുന്നത് എന്നു സാരം.
ഉദാ: അല്ല, ഇല്ല, ഒലാ, അരുത്, വഹിയാ, നിന്നിടാ, പോക വയ്യ, വന്നുകൂടാ.