Kerala PSC repeated Question And Explanation For 10th Level Prelims And Devaswom Board LDC

Kerala PSC: മുൻവർഷങ്ങളിലെ ആവർത്തന ചോദ്യങ്ങളെ അറിയാം



കൊവിഡിന് ശേഷം വീണ്ടും പിഎസ്‍സി പരീക്ഷകൾ സജീവമായിക്കൊണ്ടിരിക്കുകയാണ്. പത്താം ക്ലാസ്, പ്ലസ് ടൂ, ബിരുദ തലത്തിലുള്ള പരീക്ഷകൾ വരുംമാസങ്ങളിൽ നടത്തുമെന്ന് പിഎസ്‍സി അറിയിപ്പുണ്ട്. പത്താം ക്ലാസ് അടിസ്ഥാനപ്പെടുത്തിയ പരീക്ഷകളാണ് വരുംമാസങ്ങളിൽ നടക്കാൻ പോകുന്നത്. പരീക്ഷക്കുള്ള ഒരുക്കങ്ങൾ മിക്കവാറും എല്ലാവരും പൂർത്തിയാക്കി കഴിഞ്ഞു. പഠനം കൃത്യവും സമ​ഗ്രവുമായി തുടരേണ്ടതാവശ്യമാണ്. മുൻവർഷങ്ങളിൽ ആവർത്തിച്ചു വന്നിട്ടുള്ള ചോദ്യങ്ങളാണ് ഈ ചോദ്യാവലിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 

1. കേരളത്തിലെ ആദ്യത്തെ സാമൂഹിക പ്രക്ഷോഭം എന്നറിയപ്പെടുന്നത്?
  • ഉത്തരം: ചാന്നാർ ലഹള

പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന‌പാദത്തിൽ നാടാർ സമുദായത്തിൽപ്പെട്ട സ്ത്രീകൾ മാറുമറയ്ക്കുന്നതു സംബന്ധിച്ച് തെക്കൻ തിരുവിതാംകൂറിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷമാണു ചാന്നാർ ലഹള എന്നറിയപ്പെടുന്നത്. മാറുമറയ്ക്കൽ സമരം, ശീലവഴക്ക്, മുലമാറാപ്പ് വഴക്ക്, മേൽശീല കലാപം, നാടാർ ലഹള എന്നീ പേരുകളിലും ഈ സമരം ചരിത്രരേഖകളിൽ പരാമർശിക്കപ്പെടുന്നു. നാടാർ സമുദായത്തിന്റെ മറ്റൊരു പേരാണ് ചാന്നാർ. സ്വാതന്ത്ര്യ പൂർവ കേരളത്തിൽ അരങ്ങേറിയ ആദ്യത്തെ മനുഷ്യാവകാശ സമരങ്ങളിലൊന്നായി ഈ ലഹള വിലയിരുത്തപ്പെടുന്നു. 

2. കേരളീയ നവോത്ഥാനത്തിന്റെ വഴികാട്ടി എന്നറിയപ്പെടുന്നത്?
  • ഉത്തരം: വൈകുണ്ഠ സ്വാമികൾ

കന്യാകുമാരി ജില്ലയിലെ നാഗര്‍ കോവിലിനടുത്ത് സ്വാമിത്തോപ്പില്‍ പൊന്നുനാടാരുടെയും വെയിലാളുടെയും മകനായി 1809-ല്‍ വൈകുണ്ഠ സ്വാമികള്‍  ജനിച്ചു. കേരളത്തിലെ സാമൂഹ്യപരിഷ്കർത്താക്കളിൽ ആദ്യത്തെയാൾ. 1836ൽ കന്യാകുമാരിക്കടുത്ത് ശുചീന്ദ്രത്ത് സ്വാമിത്തോപ്പിൽ "സമത്വസമാജ"മെന്ന ഒരു സംഘടന സ്ഥാപിക്കപ്പെടുകയുണ്ടായി. ജാതി ഒന്ന്, മതം ഒന്ന്, കുലം ഒന്ന്, ലോകം ഒന്ന് എന്നായിരുന്നു അദ്ദേഹം  നൽകിയ സന്ദേശം. മേൽമുണ്ട് സമരത്തിന് പ്രചോദനം പകർന്നു.  വൈകുണ്ഠ സ്വാമികളുടെ പ്രധാന ശിഷ്യൻ തൈക്കാട് അയ്യാ ആയിരുന്നു.  ദേവദാസി സമ്പ്രദായത്തിനെതിരെ ശബ്ദമുയർത്തിയ സാമൂഹ്യ പരിഷ്‌കർത്താവ് ആയിരുന്നു വൈകുണ്ഠ സ്വാമികൾ. നിശാപാഠശാലകൾ സ്ഥാപിച്ച് ‘വയോജന വിദ്യാഭ്യാസം' എന്ന ആശയം ആദ്യം നടപ്പിലാക്കി 

3. ശിവഗിരിയിൽ വെച്ച് മഹാത്മാഗാന്ധി ശ്രീനാരയണഗുരുവിനെ സന്ദർശിച്ച വർഷം?
  • ഉത്തരം: 1925

1925 മാർച്ചിലാണ് ശ്രീനാരായണ ഗുരുവും മഹാത്മാ ഗാന്ധിയും ശിവഗിരിയിൽ കൂടിക്കാഴ്ച നടത്തുന്നത്. മഹാത്മ ഗാന്ധി അഞ്ചു തവണ കേരളം സന്ദര്‍ശിച്ചിട്ടുണ്ട്. അവയില്‍ രണ്ടാം തവണയാണ് ശിവഗിരി മഠത്തില്‍ ചെന്ന് ശ്രീനാരായണ ഗുരുവുമായി കൂടിക്കാഴ്ച നടത്തുന്നത്.

4. കേരള നവോത്ഥാനത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?
  • ഉത്തരം:  ശ്രീനാരായണഗുരു

ആധുനിക ഭാരതം കണ്ട ഏറ്റവും വലിയ തത്വചിന്തകനും മഹാനായ സന്യാസിവര്യനും കേരള നവോത്ഥാന ചരിത്രത്തിലെ അതുല്യനായ സാമൂഹ്യ പരിഷ്കർത്താവും ആണ് ശ്രീനാരായണഗുരു (1856-1928). ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്നതും അവനവനാത്മസുഖത്തിനാചരിക്കുന്നവയപരന് സുഖത്തിനായി വരേണം എന്നുള്ളതും ആയിരുന്നു അദ്ദേഹത്തിന്റെ ആദർശവും ജീവിത ലക്ഷ്യവും. കേരളത്തിൽ നിലനിന്നിരുന്ന സവർണ മേൽക്കോയ്മ, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ സമൂഹ്യ തിന്മകൾക്കെതിരെയും അന്ധവിശ്വാസങ്ങൾക്കെതിരെയും പോരാടിയ അദ്ദേഹം കേരളീയ സമൂഹത്തെയാകെ നവോത്ഥാനത്തിലേയ്ക്ക് നയിച്ചു. ജാതി വ്യവസ്ഥയെ ചോദ്യം ചെയ്യ്ത ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക പരിഷ്കർത്താവായിരുന്നു ശ്രീനാരായണ ഗുരു.

5. അയ്യൻങ്കാളി സാധുജനപരിപാലന സംഘം സ്ഥാപിച്ചത്?
  • ഉത്തരം: 1907

കേരള ചരിത്രത്തിലെ ഉന്നതശീര്‍ഷനായിരുന്ന ദളിത് നേതാവ് അയ്യങ്കാളി (1863-1941) പുലയസമുദായാംഗമായിരുന്നു. ഔപചാരിക വിദ്യാഭ്യാസമൊന്നും ലഭിച്ചിരുന്നില്ലെങ്കിലും കാര്യശേഷികൊണ്ടും നേതൃത്വസിദ്ധികൊണ്ടും നവോത്ഥാന നായകരുടെ കൈവിരലില്‍ എണ്ണിത്തീര്‍ക്കാവുന്ന പട്ടികയിലെ മുന്‍നിരക്കാരനായിരുന്നു അയ്യങ്കാളി. ദളിതര്‍ക്ക് വഴിനടക്കാനും കല്ലുമാല മുതലായ പ്രാകൃത ആഭരണങ്ങള്‍ ഉപേക്ഷിച്ച് പരിഷ്‌കൃത വസ്ത്രങ്ങള്‍ ഉപയോഗിക്കാനും വിദ്യാഭ്യാസം നേടാനും മറ്റും അദ്ദേഹം നടത്തിയ പോരാട്ടങ്ങള്‍ ദക്ഷിണ കേരളത്തിന്റെ ചരിത്രത്തില്‍ അവിസ്മരണീയങ്ങളാണ്. സംഘടിച്ച് ശക്തരാകാനും വിദ്യ അഭ്യസിച്ച് സ്വതന്ത്രരാകാനുമുള്ള ശ്രീനാരായണ സന്ദേശം ഉള്‍ക്കൊണ്ട് 1907-ല്‍ എസ്.എന്‍.ഡി.പി യോഗം മാതൃകയില്‍ സാധുജന പരിപാലന സംഘം തിരുവനന്തപുരം കേന്ദ്രമായി അയ്യങ്കാളി സ്ഥാപിച്ചത്. 

6. കേരള നവോത്ഥാന ചരിത്രത്തിലെ ആദ്യ രക്തസാക്ഷി ആര്?
  • ഉത്തരം : ആറാട്ടുപുഴ വേലായുധ പണിക്കർ

കേരള നവോത്ഥാന ചരിത്രത്തിലെ ആദ്യ സാമൂഹ്യ പരിഷ്കർത്താവാണ് ആറാട്ടുപുഴ വേലായുധപ്പണിക്കർ. കേരള നവോത്ഥാന ചരിത്രത്തിലെ ആദ്യ രക്തസാക്ഷിയായി വിശേഷിപ്പിക്കപ്പെടുന്നതും അദ്ദേഹമാണ്. പത്തൊമ്പതാം നൂറ്റാണ്ടിൽ ആലപ്പുഴയ്ക്കടുത്ത് മംഗലം എന്ന ദേശത്തെ ഒരു സമ്പന്ന ഈഴവ പ്രമാണി ആയിരുന്ന അദ്ദേഹം മംഗലം വേലായുധപ്പെരുമാൾ എന്നും അറിയപ്പെട്ടിരുന്നു. കേരള നവോത്ഥാന ചരിത്രത്തിലെ ശ്രദ്ധിക്കപ്പെടുന്ന ഒരു പാട് സമരങ്ങൾക്കും സംഭവങ്ങൾക്കും നേതൃത്വം നൽകിയ വ്യക്തിയാണ് ആറാട്ടുപുഴ വേലായുധ പണിക്കർ. 

7. ഐക്യനാണയ സംഘം എന്ന പേരിൽ ബാങ്ക് ആരംഭിച്ചത്?
  • ഉത്തരം : വാഗ്ഭടാനന്ദൻ

ഇരുപതാം ശതകത്തിൽ കേരളത്തിൽ ഉണ്ടായ നവോത്ഥാനത്തിൽ പങ്കുവഹിച്ച പ്രമുഖ ആത്മീയാചാര്യന്മാരിൽ ഒരാളാണു് വാഗ്ഭടാനന്ദൻ. 1917 -ൽ ഇദ്ദേഹം ആത്മവിദ്യാ സംഘം സ്ഥാപിച്ചു. ജാതിവ്യവസ്ഥക്കും അനാചാരങ്ങൾക്ക് എതിരെയും പോരാട്ടമാണ് വാഗ് ഭടാനന്ദ ഗുരുവും ആത്മവിദ്യാസംഘവും നടത്തിയത്. 1924ൽ കാരക്കാട്ട് ആത്മവിദ്യാസംഘം എൽ.പി.സ്കൂൾ എന്ന വിദ്യാലയമാരംഭിച്ചു. ഊരാളുങ്കൽ ഐക്യനാണയസംഘം എന്നൊരു കാർഷക ബാങ്ക് കൂടി ഇവർ ആരംഭിച്ചു. 

8. ശ്രീ നാരായണഗുരു സന്ദർശിച്ച ഏക വിദേശ രാജ്യം?
  • ഉത്തരം : ശ്രീലങ്ക

രണ്ടു തവണ ശ്രീനാരായണ ​ഗുരു ശ്രീലങ്ക സന്ദർശിച്ചു. ആദ്യസന്ദർശനം 1918ലും, രണ്ടാം സന്ദർശനം 1926ലും.  ആദ്യമായി ഭാരതീയ തപാൽ മുദ്രണത്തിൽ പ്രത്യക്ഷപ്പെട്ട കേരളീയൻ ശ്രീനാരായണഗുരുവാണ്‌. രൂപാ നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ കേരളീയ വ്യക്തിയും അദ്ദേഹമാണ്‌. ആലുവയിൽ നാരായണഗുരു ഒരു ആശ്രമം സ്ഥാപിച്ചു. അദ്വൈത ആശ്രമം എന്നായിരുന്നു അതിന്റെ പേര്. “ഓം സാഹോദര്യം സർവത്ര” എന്ന തത്ത്വത്തിൽ അധിഷ്ഠിതമായിരുന്നു അദ്വൈത ആശ്രമം. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു പ്രധാന സംരംഭമാണ് ഈ ആശ്രമം. ദൈവത്തിന്റെ കണ്ണിൽ എല്ലാവരും തുല്യരാണെന്ന് മനുഷ്യരെ ബോധവാന്മാരാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.

9. അരയ വംശ പരിപാലന യോഗം രൂപവത്കരിച്ചത്?
  • ഉത്തരം :  ഡോ. വേലുക്കുട്ടി അരയൻ

സാമൂഹിക പരിഷ്കര്‍ത്താവ്‌, പണ്ഡിതന്‍, എഡിറ്റര്‍, സാഹിത്യകാരന്‍, ശാസ്ത്രഞ്ജന്‍, വൈദ്യ ശാസ്ത്രത്തിന്റെ സമസ്ത ശാഖകളിലും വ്യക്തി മുദ്രപതിപ്പിച്ച ഭിഷ്വഗരന്‍ ആയിരുന്നു ഡോക്ടര്‍ വി.വി.വേലുക്കുട്ടി അരയന്‍. 1894 മാര്‍ച്ച് 11 കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കില്‍ ആലപ്പാട് പഞ്ചായത്തില്‍ വിളാകത്ത് വേലായുധന്‍ വൈദ്യരുടെയും, വെളുത്ത കുഞ്ഞമ്മയുടെയും മകനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിനു ശേഷം, ആയൂര്‍വേദത്തില്‍ പഠനം തുടര്‍ന്നു. പതിനെട്ടു വയസ്സ് തികയുന്നതിനു മുന്‍പ് തന്നെ ആയൂര്‍വേദ ത്തിലും, സംസ്കൃതത്തിലും, ഇംഗ്ലീഷിലും, അസാമാന്യ പ്രാവീണ്യം നേടി. ശേഷം, മദ്രാസ്സില്‍ നിന്നും  അലോപ്പതിയും പിന്നെ, സമുദ്ര ശാസ്ത്രവും, നിയമവും പഠിച്ചു.

അലോപ്പതിയില്‍ ബിരുദം നേടിയതിനു ശേഷം, കല്‍ക്കട്ടയിലെ ഹോമിയോ പതിക് മെഡിക്കല്‍ കോളേജില്‍ നിന്നും ഹോമിയോപ്പതിയില്‍ ഒന്നാം റാങ്കോടെ ബിരുദം കരസ്ഥമാക്കി. ആലപ്പാട് ദേശത്ത് ആദ്യമായി ഒരു വായന ശാല(വിജ്ഞാനസന്ദായിനി) ആരംഭിക്കുന്നത് ഇദ്ദേഹമാണ്. ‌

തന്റെ സമുദായത്തിലെ കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാകുന്നതിന് 1936  ല്‍ ഒരു സ്കൂള്‍ സ്ഥാപിച്ചു. അദ്ദേഹം ധാരാളം സാമൂഹ്യ പ്രസ്ഥാനങ്ങളും, തൊഴിലാളി പ്രസ്ഥാനങ്ങളും സ്ഥാപിച്ചു. അരയ വംശ പരിപാലന യോഗം, സമസ്ത കേരളീയ അരയ മഹാജന കരയോഗം, അരയ സര്‍വ്വീസ് സൊസൈറ്റി, അഖില തിരുവിതാംകൂര്‍ നാവിക തൊഴിലാളി സംഘം, തിരുവിതാംകൂര്‍ മിനറല്‍ വര്‍ക്കേഴ്സ് യൂണിയന്‍, പോര്‍ട്ട്‌ വര്‍ക്കേഴ്സ് യൂണിയന്‍ എന്നിവ അതില്‍ ചിലതാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പോരാളിയും, വൈക്കം സത്യാഗ്രഹത്തിന്റെ മുന്‍ നിര നേതാക്കന്മാരില്‍ ഒരാളുമായിരുന്നു ഇദ്ദേഹം.


10. ആലത്തൂർ സിദ്ധാശ്രമം സ്ഥാപിച്ചത്?
  • ഉത്തരം : ബ്രഹ്മാനന്ദ ശിവയോഗി

അന്ധ വിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ പൊരുതിയ കേരളത്തിലെ ഒരു സാമൂഹികപരിഷ്കർത്താവാണ് ബ്രഹ്മാനന്ദ ശിവയോഗി. ആനന്ദമത പ്രചാരണത്തിനുള്ള ആനന്ദമഹാസഭ രൂപം കൊള്ളുന്നത് 1918 ലാണ്. 1918 ഏപ്രിൽ 21,22 എന്നീ തീയതികളിൽ കേരളത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും സിലോണിൽ നിന്നുമുള്ള സമാജം പ്രതിനിധകളുടെ സമ്മേളനം സിദ്ധാശ്രമത്തിൽനചേർന്ന് ആനന്ദമഹാസഭ എന്ന സംഘടനയ്ക്ക് രൂപം കൊടുത്തു.
Tags

Post a Comment

0 Comments