കേരളത്തിന്റെ തെക്കേയറ്റത്തു സ്ഥിതിചെയ്യുന്ന വന്യജീവിസങ്കേതമാണ് നെയ്യാർ. 128 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുണ്ട്. തിരുവനന്തപുരത്ത് നിന്ന് 32 കിലോമീറ്റർ അകലെയാണ്. 1958 ൽ ഈ പ്രദേശത്തെ സംരക്ഷണ മേഖലയായി പ്രഖ്യാപിച്ചു. നെയ്യാർ ഡാമും പൂന്തോട്ടവും ഇവിടുത്തെ പ്രധാന ആകർഷണങ്ങളാണ്. നെയ്യാർ നദിയുമായി ബന്ധപ്പെട്ടാണ് ഈ പേര് ലഭിച്ചത്. ഈ സങ്കേതത്തിനുള്ളിലാണ് അഗസ്ത്യകൂടം, അഗസ്ത്യശൈല താഴ്വര, ചോറ്റുപാറ, വരയാട്ടുമുടി എന്നീ പ്രദേശങ്ങൾ. കേരളത്തിൽ ആനമുടി കഴിഞ്ഞാൽ ഏറ്റവും ഉയരം കൂടിയ മലയാണ് അഗസ്ത്യമല. നിത്യഹരിതവനങ്ങളും ഇലപൊഴിയും അർദ്ധഹരിതവനങ്ങളും പുൽമേടുകളും ശുഷ്ക്കവനങ്ങളും കൊണ്ട് സമ്പന്നമായ നെയ്യാർ വന്യജീവി സങ്കേതത്തിലാണ് ഇതിന്റെ സ്ഥാനം. ഇവിടെ ധാരാളം പാറക്കെട്ടുകളും മലകളുമുണ്ട്. 1890 മീറ്റർ ഉയരമുള്ള അഗസ്ത്യകൂടമാണ് നെയ്യാർ വന്യജീവി സങ്കേതത്തിലെ ഏറ്റവും വലിയ കൊടുമുടി. കേരളത്തിൽ പശ്ചിമഘട്ടം അവസാനിക്കുന്നത് നെയ്യാർ വന്യജീവി സങ്കേതത്തിലാണ്. ഇതിന്റെ ഒരതിര് തമിഴ്നാടാണ്.
ആവർത്തിക്കുന്ന ചോദ്യങ്ങൾ
- കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്തു സ്ഥിതിചെയ്യുന്ന വന്യജീവിസങ്കേതം: നെയ്യാർ
- നെയ്യാർ വന്യജീവി സങ്കേതം നിലവില്‍ വന്ന വര്‍ഷം: 1958
- അഗസ്ത്യാർ ക്രൊക്കൊടൈൽ റീഹാബിലിറ്റേഷൻ ആൻഡ് റിസർച്ച് സെന്റർ സ്ഥിതിചെയ്യുന്ന വന്യജീവി സംരക്ഷണകേന്ദ്രം: നെയ്യാർ
- അഗസ്ത്യമല ബയോസ്ഫിയർ റിസർവിന്റെ ഭാഗമായിട്ടുള്ള വന്യജീവി സംരക്ഷണകേന്ദ്രങ്ങൾ: നെയ്യാർ, പേപ്പാറ, ചെന്തുരുണി
- അഗസ്ത്യമല ബയോസ്ഫിയർ മലനിരകളിൽ നിന്നും ഉത്ഭവിക്കുന്ന പ്രധാന നദികൾ: നെയ്യാർ, കരമനയാർ, കുഴിത്തറയാർ
- കേരളത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന ബയോസ്ഫിയർ റിസർവ്: അഗസ്ത്യമല
- സ്റ്റീവ് ഇർവിൻ ചീങ്കണ്ണി വളർത്തുകേന്ദ്രം സ്ഥിതിചെയ്യുന്ന വന്യജീവി സംരക്ഷണകേന്ദ്രം: നെയ്യാർ
- കേരളത്തിലെ ഒരേയൊരു ലയൺ സഫാരി പാർക്ക് (മരക്കുന്നം ദ്വീപ്) സ്ഥിതിചെയ്യുന്നത്: നെയ്യാർ
- നെയ്യാർ ലയൺ സഫാരി പാർക്ക് നിർമിച്ചിരിക്കുന്നത് ഏത് പാർക്കിന്റെ മാതൃകയിൽ: ഹൈദരാബാദിലെ നെഹ്‌റു സുവോളജിക്കൽ പാർക്ക്
- നെയ്യാർ വന്യജീവി സങ്കേതത്തിന്റെ മറ്റൊരു പേര്: സ്റ്റീവ് ഇർവിൻ പാർക്ക്
- കേരളത്തിലെ ഉയരത്തിൽ രണ്ടാം സ്ഥാനത്തുള്ള കൊടുമുടി: അഗസ്ത്യകൂടം
- നെയ്യാർ നദി ഉത്ഭവിക്കുന്നത്: അഗസ്ത്യകൂടത്തിൽ നിന്ന്
- കേരളത്തിലെ ഒരേയൊരു ബയോളജിക്കൽ പാർക്ക്: അഗസ്ത്യകൂടം