സസ്യങ്ങളുടെ വളർച്ചയും രൂപീകരണവും മറ്റു നിരവധി ധർമങ്ങളും നിയന്ത്രിക്കുന്ന ജൈവരാസസംയുക്തങ്ങളാണ് ഹോർമോണുകൾ. ഹോർമോഡിൻ എന്ന ലാറ്റിൻവാക്കിൽ നിന്നാണ് ഈ പദം ഉരുത്തിരിഞ്ഞത്. സസ്യപ്രവർത്തനങ്ങളുടെ വേഗം കൂട്ടാനും കുറക്കാനും ഇവയ്ക്കാവും. പൂർണവളർച്ചയെത്തിയാൽ സസ്യങ്ങൾ ഹോർമോണുകൾ ഉൽപാദിപ്പിച്ചു തുടങ്ങും. രണ്ടിനങ്ങളിൽപ്പെട്ട അഞ്ച് തരം സസ്യഹോർമോണുകളുണ്ട്. ഓക്‌സിൻ, ജിബ്ബർലിൻ, സൈറ്റോകിനിൻ, അബ്‌സിസിക് ആസിഡ്, എഥിലിൻ തുടങ്ങിയവയാണവ. പ്രകാശം , ജലലഭ്യത വായുസമ്പർക്കം എന്നീ ബാഹ്യഘടകങ്ങൾക്കും വളർച്ചയിൽ നിർണായക പങ്കുണ്ട്. വളർച്ചയെ സഹായിക്കുന്നവയും (Growth Promoters) വളർച്ചയെ തടയുന്നവയും (Growth Inhibitors). ഖര-ദ്രവ-വാതക രൂപത്തിലുള്ള ഇവയാണ് സസ്യങ്ങളുടെ സ്വഭാവം രൂപപ്പെടുത്തുന്നത്. മനുഷ്യശരീരത്തിലെന്നതു പോലെ പ്രത്യേക ഗ്രന്ഥികളിലല്ല സസ്യങ്ങളിൽ ഹോർമോണുകൾ നിർമിക്കപ്പെടുന്നത്. സസ്യശരീരത്തിൽ പലയിടങ്ങളിലായി നിർമിക്കപ്പെടുന്ന ഈ ഹോർമോണുകൾ സംവഹനകലകളാണ് സസ്യശരീരത്തിലാകെ എത്തിക്കുന്നത്.
ആവർത്തിക്കുന്ന ചോദ്യങ്ങൾ
- സസ്യങ്ങളുടെ വളർച്ചയും രൂപീകരണവും മറ്റു നിരവധി ധർമങ്ങളും നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന സസ്യകോശങ്ങളിൽ ഉൽപാദിപ്പിക്കുന്ന ജൈവരാസസംയുക്തങ്ങൾ: സസ്യ ഹോർമോണുകൾ
- സസ്യവളർച്ചയുടെ നിയന്ത്രകവസ്തുക്കൾ: സസ്യ ഹോർമോണുകൾ
- സസ്യകാണ്ഡത്തിന്റെ വളർച്ച നിയന്ത്രിക്കുന്ന ഹോർമോൺ: ഓക്സിൻ (ഓക്സിൻ വേരിന്റെ വളർച്ചയെ മന്ദീഭവിപ്പിക്കുന്നു)
- ഒരു സ്വാഭാവിക ഓക്‌സിനു ഉദാഹരണം: ഇൻഡോൾ 3 അസറ്റിക് ആസിഡ്
- സസ്യങ്ങളുടെ അസാധാരണ വളർച്ചയ്ക്ക് കാരണമാകുന്ന സസ്യഹോർമോൺ: ജിബ്ബർലിൻ
- ഫലങ്ങൾ പകമാകുന്നതിന് കാരണമാകുന്ന സസ്യഹോർമോൺ: എഥിലിൻ
- വാതകരൂപത്തിൽ സ്ഥിതിചെയ്യുന്ന ഹോർമോൺ: എഥിലിൻ
- തേങ്ങാവെള്ളത്തിൽ ധാരാളമായി കാണപ്പെടുന്ന സസ്യഹോർമോൺ: സൈറ്റോകിനിൻ
- പോഷകവിഘടനത്തെ വേഗത്തിലാക്കുന്ന സസ്യഹോർമോൺ: സൈറ്റോകിനിൻ
- സസ്യങ്ങളിലെ കൊഴിഞ്ഞുപോക്ക് നിയന്ത്രിക്കുന്ന ഹോർമോൺ: അബ്‌സിസിക് ആസിഡ്
- സസ്യങ്ങളെ പുഷ്പിക്കാൻ സഹായിക്കുന്ന ഹോർമോൺ: ഫ്ളോറിജൻ
- കൃതിമ ഹോർമോണുകൾക്ക് ഉദാഹരണം: ഹോർട്ടോമോൺ, ആക്‌സാൻ